ഡെട്രോയിറ്റ്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സാമൂഹിക - സാംസ്കാരിക - ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) 2026 - 27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു.
ഡെട്രോയിറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും എകെഎംജി മുൻ പ്രസിഡന്റുമായ ഡോ. ഗീതാ നായർ ചെയറായി നിയമിതയായി. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും ചുമതലയേറ്റു.
നോർത്ത് കരോലിനയിൽ നിന്നുള്ള അംബിക ശ്യാമള ബോർഡ് ഇൻചാർജായും പ്രവർത്തിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ഫോറത്തിന് കെഎച്ച്എൻഎയുടെ എല്ലാ റീജിയണുകളിലെയും ശക്തമായ പ്രതിനിധിത്വമുണ്ടെന്നത് ശ്രദ്ധേയമാണ്.
വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളാണ് ഫോറത്തിന്റെ ഭാഗമായിരിക്കുന്നത്.
വനിതാ ശാക്തീകരണം, കുടുംബ മൂല്യ സംരക്ഷണം, യുവതലമുറയ്ക്ക് സാംസ്കാരിക ബോധവൽക്കരണം, മാനസികാരോഗ്യ-കുടുംബ കൗൺസിലിംഗ് അവബോധം, കലാ-സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനം തുടങ്ങിയ മേഖലകളിൽ വ്യാപകമായ പദ്ധതികളാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്.
പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങളെ കൂടുതൽ അടുത്ത് കൂട്ടിചേർക്കുന്ന പ്രവർത്തനങ്ങൾക്കും ഫോറം മുൻഗണന നൽകും. വനിതാ ഫോറത്തിന്റെ രൂപീകരണത്തെക്കുറിച്ച് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു: "ഒരു സംഘടനം എത്ര ഉയരത്തിൽ എത്തുമെന്നത് നിർണയിക്കുന്നത് അതിലെ വനിതാ നേതൃത്വത്തിന്റെ ശക്തിയാണ്, പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ. സമൂഹം കെട്ടിപ്പടുക്കുന്നതും പാരമ്പര്യം സംരക്ഷിക്കുന്നതും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതും വനിതകളാണെന്ന സത്യം നമുക്ക് വ്യക്തമാണ്.
പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക - വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വനിതകളെ ഒരേ വേദിയിൽ കൊണ്ടുവരാൻ സാധിച്ചത് കെഎച്ച്എൻഎയുടെ അഭിമാനമാണ്. ഈ ഫോറം വെറുമൊരു കമ്മിറ്റി അല്ല - , നമ്മുടെ സംഘടനയുടെ ഏറ്റവും ശക്തമായ ശക്തികളിലൊന്നായി ഇത് ഉയരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു."
ഫോറത്തിലെ മറ്റു ഭാരവാഹികൾ: അഞ്ജു ശ്രീധരൻ (ലോസ് ആഞ്ചലസ്), അനു രാജേന്ദ്രൻ (ഓസ്റ്റിൻ), അനുരാധ മനോജ് (ഫ്ലോറിഡ), അർച്ചന നായർ (ലൂസിയാന), അരുണ ആനന്ദ് (കണക്ടിക്കട്ട്), ആശ മനോഹരൻ (മിഷിഗൺ), ഡോ. അശമോൾ നായർ (ന്യൂയോർക്ക്), നിഷി ഗീത (ടെന്നസി), പൂർണിമ സന്തോഷ് (അരിസോണ), രാജി നായർ (വിർജീനിയ), സരിത മേനോൻ (ഐവ), സ്മിജ ആനന്ദ് (ഷിക്കാഗോ), സുമ സിബിൽ (ഡാളസ്), ടീന സുരേന്ദ്രൻ (ന്യൂജഴ്സി) എന്നിവർ.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ഡയറക്ടേഴ്സും ട്രസ്റ്റി ബോർഡ് അംഗങ്ങളും വനിതാ ഫോറം അംഗങ്ങൾക്ക് ആശംസകൾ നേർന്നു.